2009, ഒക്‌ടോബർ 21, ബുധനാഴ്‌ച

നായാട്ട്


അന്ന്,

ഇങ്ക്വിലാബ്‌ സിന്ദാബാദ്‌....
ഇങ്ക്വിലാബ്‌ സിന്ദാബാദ്‌...

അവർ ആട്ടിൻപറ്റം പോലെ
കൂട്ടം കൂട്ടമായി വന്നു..

ആരാന്റെ തോട്ടത്തിൽ..
ആരോ ആട്ടിത്തെളിച്ചു മേയാൻ വിട്ടു..

വെട്ടുകിളികളെപ്പോലെ
കണ്ടതെല്ലാം വെട്ടിവീഴ്ത്തി...

വെട്ടിയിട്ടതെല്ലാം കൂട്ടിക്കെട്ടി
ആട്ടിൻപറ്റം കൂടുതേടി..

ഇങ്ക്വിലാബിന്റെ ആരവത്തോടെ,
ആരും ആട്ടിത്തെളിക്കാതെ..!!

ആരാന്റെ തോട്ടം അനാഥമായി,
അവിടുത്തെ അന്തേവാസികളും..?


ഇന്ന്,

ഇങ്ക്വിലാബിന്റെ അലയൊലി
അന്തരീക്ഷത്തിലെ ഗർത്തമായത്രെ.!!

****
ടി. കെ. ഉണ്ണി
൨൧-൧൦-൨൦൦൯

2009, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

പ്രേമം

സ്നേഹവും പ്രേമവും 
വ്യത്യസ്തങ്ങളാണ്‌..!
സ്നേഹം സ്ഥായിയായ 
സത്യമാണ്‌..!
പ്രേമത്തിന്ന് സ്ഥായീഭാവമില്ല..!
സ്നേഹത്തിന്റെ വ്യാപ്തിയും 
അഭിലഷണീയതയും
പ്രേമത്തിന്ന് സ്വായത്തമല്ല..!
ആർക്ക്‌, ആരോട്‌, 
എപ്പോൾ, എങ്ങനെ
പ്രേമവും അതിന്റെ സായൂജ്യമായ 
പ്രണയവും എന്നതിന്ന് 
പരിമിതികളും പരിവട്ടങ്ങളും
സദാ അകമ്പടി സേവിക്കുന്നുണ്ട്‌..!!
എല്ലാ പ്രേമങ്ങളും 
പ്രണയങ്ങളായിത്തീരുന്നില്ല..!
പ്രേമം പ്രണയമാണെന്നും 
അതാണ്‌ ജീവിത സായൂജ്യമെന്നും 
ഉൽഘോഷിക്കുന്നത്‌ പ്രാചീന
കാവ്യമീമാംസകരും അവരുടെ 
കാവ്യസങ്കൽപ്പങ്ങളുമാണ്‌..!!
പ്രേമം സ്നേഹത്തിന്റെ 
പ്രച്ഛന്നവേഷധാരിയായി സഞ്ചരിക്കുന്ന 
സന്ദർഭങ്ങൾ അനവധിയാണ്‌..!
അനുയോജ്യഘട്ടങ്ങളിൽ 
തന്റെ വാഹനമായ സ്നേഹത്തെ 
ജഢമാക്കി വിശ്വരൂപനാകുന്നു..!
അതുകൊണ്ടാണ്‌ പ്രേമം 
നിഷ്ക്കളങ്കമല്ലാതാവുന്നത്‌..!!

[ജീവജാലങ്ങളിൽ, വൈകാരിക നിയന്ത്രണങ്ങൾക്ക്‌
അധികരിച്ചുള്ള കഴിവ്‌ നേടിയിട്ടുള്ളത്‌ മനുഷ്യകുലമാണ്‌
എന്നത്‌ നിസ്തർക്കം...അതേസമയം അധിക കാര്യങ്ങളിലും
കാര്യമായ ഗുണമേന്മകളൊന്നും മനുഷ്യമൃഗങ്ങൾക്കില്ലെന്ന്
സ്ഥാപിക്കപ്പെട്ടിട്ടുള്ള ശാസ്ത്രനിരീക്ഷണങ്ങൾ നിലവിലുണ്ട്‌.]

പ്രേമം സംഗീതം പോലെ 
രാഗതാളനിബദ്ധമാണ്‌..!
പ്രേമം രാഗാനുരാഗങ്ങളായി 
വർത്തിക്കുന്നു..!
പ്രേമരാഗം ഏകതാനഭാവത്തിലും
പ്രേമാനുരാഗം ഉഭയഭാവത്തിലും 
പരിലസിക്കുന്നു..!
പ്രേമരാഗത്തിന്റെ തീക്ഷ്ണത 
കാമത്തിലേക്കും അതിന്റെ 
(ചാപല്യത്തിലേക്കും) നയിക്കുന്നു..!
പ്രേമാനുരാഗത്തിന്റെ തീക്ഷ്ണത 
പ്രണയത്തിലേക്കും അതിന്റെ 
(സാഫല്യത്തിലേക്ക്‌) നയിക്കുന്നു..!
കാമം തൃഷ്ണകളാൽ 
അലംകൃതമാണ്‌..!
തൃഷ്ണകളാവട്ടെ കാമനകളുടെ 
രതിരൂപങ്ങളാണ്‌..!
രാഗോജ്വല കാമത്തിൽ 
രതി പ്രോജ്ജ്വലങ്ങളും
അനുരാഗ കാമത്തിൽ 
രതി അർദ്ധസുഷുപ്തിയിലും 
ആയിരിക്കും..!
ഇവക്കെല്ലാംതന്നെ അനുഭൂതിയെന്ന 
കവചം സ്വായത്തമായുണ്ട്‌..!!
അതായത്‌,
പ്രേമത്തിന്റെ ഏതൊരവസ്ഥയിലും
രതി കർമ്മനിരത(നാ/യാ)യി 
അനുഗമിക്കുന്നു..!
രതിയില്ലാതെ പ്രേമവും 
പ്രണയവും കാമവും 
ഇല്ലെന്നത്‌ സുവ്യക്തമാണ്‌..!!
ആദിമകാലം മുതൽ 
മനുഷ്യരിൽ ഉണ്ടായിട്ടുള്ള
വിശ്വാസങ്ങളിലധികവും 
അവരുടെ സങ്കൽപ്പങ്ങളിൽ 
നിന്നായിരുന്നു..!
അങ്ങനെയുള്ള ഏറ്റവും പൗരാണികമായ 
പല വിശ്വാസധാരകളിലും നമ്മുടെ 
ഓരോ വൈകാരിക പ്രത്യയനങ്ങൾക്കും 
അധിദേവതമാരുള്ളതായി
ഇന്നും വിശ്വസിക്കപ്പെടുന്നുണ്ട്‌..!
ഉദാഹരണത്തിന്ന്:-
സ്നേഹത്തിന്ന് - സ്നേഹദേവത 
പാർവ്വതി..!
പ്രേമത്തിന്ന് - കാമദേവനും 
രതിദേവിയും..!
ഇതിൽനിന്നും 
സ്നേഹത്തിന്നും പ്രേമത്തിന്നും
പ്രത്യേകം പ്രത്യേകമായി 
ദേവീദേവന്മാർ ഉണ്ടെന്ന് വ്യക്തം..!!
അതുകൊണ്ടുതന്നെ, 
അനാദികാലം മുതൽക്കെ
സ്നേഹവും പ്രേമവും 
വ്യത്യസ്തമാണെന്നത്‌
നിസ്തർക്കവും സുവിദിതവുമാണ്‌..!!
***********
ടി. കെ. ഉണ്ണി
൦൭-൦൮-൨൦൦൯

2009, ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

സ്നേഹം


ജീവ ജാലങ്ങളുടെ 
സമസ്ത വികാരങ്ങളുടെയും
ഉറവിടവും ചാലക ശക്തിയും 
സ്നേഹമാണ്...

സ്നേഹം കൃപയാണ്, 

ദയയാണ്, 
കാരുണ്യമാണ്...

സ്നേഹം ക്ഷമയാണ്, 

സഹനമാണ്, 
സൌമനസ്യമാണ്...

സ്നേഹം ലോലമാണ്, 

മൃദുലമാണ്‌, 
സൌമ്യമാണ്....

സ്നേഹം ശോകമാണ്, 

വിരഹമാണ്, 
വൈരാഗ്യമാണ്...

സ്നേഹം ജ്ഞാനമാണ്, 

വിദ്യയാണ്, 
വിത്തവുമാണ്....

സ്നേഹം ശ്രേഷ്ടമാണ്, 

ആഭിജാത്യമാണ്, 
സൌകുമാര്യമാണ്...

സ്നേഹം ആലോലമാണ്, 

താലോലമാണ്, 
വാത്സല്യമാണ്....

സ്നേഹം മാതൃത്വമാണ്, 

പിതൃത്വമാണ്, 
സാഹോദര്യമാണ്...

സ്നേഹം ബന്ധവും 

ബന്ധത്തിന്‍റെ 
ബന്ധനവുമാണ്.....

സ്നേഹം ജ്വലനമാണ്‌, 

ദീപമാണ്, 
വെളിച്ചമാണ്....

സ്നേഹം അനന്തവും 

അഖിലവുമാണ്....

സ്നേഹം 

ആത്മനിഷ്ടമാണ്.....

സ്നേഹം അളവറ്റ 

പാരമ്യതയില്‍ 
പരിലസിക്കുന്നു....

സ്നേഹം സ്ഥായിയായ 

വികാരമാണ്.....

സ്നേഹത്തിന്നു 

പ്രേമത്തിന്‍റെ 
പരിമിതികളില്ല...?

ആര്‍ക്കും ആരെയും 

എപ്പോഴും സ്നേഹിക്കാം....!

അതിനാല്‍ 

സ്നേഹം 
സത്യമാകുന്നു.....!!
... ... ... ...

ടി. കെ. ഉണ്ണി
൦൩-൦൮-൨൦൦൯

2009, ജൂലൈ 30, വ്യാഴാഴ്‌ച

വികാരം

വികാരം
======
സ്നേഹവും പ്രേമവും
വ്യത്യസ്തങ്ങളായ വികാരങ്ങളാണ്.!

സ്നേഹിക്കുന്നവര്‍ പ്രേമിക്കുന്നില്ല ..!
പ്രേമിക്കുന്നവര്‍ സ്നേഹിക്കുന്നില്ല ..!

സ്നേഹം വാത്സല്യമായി ഭവിക്കുകയും
പ്രേമം പ്രണയമായി വികസിക്കുകയും
ചെയ്യുമ്പോള്‍ പ്രകൃതി പൂവണിയുന്നു ..!!
... ... ... ...
ടി. കെ. ഉണ്ണി
൩൦-൦൭-൨൦൦൯

2009, ജൂലൈ 18, ശനിയാഴ്‌ച

നീര്‍ മാതളം
നീര്‍മാതളം 
========
മലയാളത്തിന്റെ 
ഭാരതത്തിന്റെ
ലോകത്തിന്റെ 
കഥാകാരിക്ക്
കവിയിത്രിക്ക്
അശ്രുപൂക്കളോടെ 
ആദരാഞ്ജലി 
അര്‍പ്പിക്കുന്നു.

ഏത് ലോകത്തേക്ക് പോയാലും 
ഈ ലോകത്ത് മലയാള ഭാഷയും 
മലയാളവും നിലനില്‍ക്കുവോളം 
ആമിയും നീര്‍മാതളവും 
നിറസാന്നിദ്ധ്യമായി സര്‍വദാ 
പരിമളമേകിക്കൊണ്ടിരിക്കും..
ആമിക്ക് പ്രണാമം ..
- - - - -
ടി. കെ. ഉണ്ണി
൩൧-൦൫-൨൦൦൯ 
ചിത്രത്തിനു ഗൂഗിളിനോട് കടപ്പാട്