2014, ഫെബ്രുവരി 25, ചൊവ്വാഴ്ച

ഭാസ്കരന്‍ മാസ്റ്റര്‍ - അനുസ്മരണം


പി. ഭാസ്കരൻ
===========
ശ്രീ. ഭാസ്കരൻ മാസ്റ്റർ ഓർമ്മയായിട്ട് ഇന്നേക്ക് (25-02-2014) ഏഴു വർഷമാകുന്നു..
1924 ഏപ്രിൽ 21 നു കൊടുങ്ങല്ലൂരിൽ ജനിച്ച അദ്ദേഹം 83-ആം വയസ്സിലാണു ഈ ലോകത്തുനിന്നും വിട വാങ്ങിയത്.

കവി, ഗാനരചയിതാവ്, നടൻ, ചലച്ചിത്രസംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം മുവ്വായിരത്തിലധികം ഗാനങ്ങൾ എഴുതിയിട്ടുണ്ട്. 250 ലധികം സിനിമകൾക്ക് ഗാനങ്ങളെഴുതുകയും 44 സിനിമകളും ഏതാനും ഡോക്യുമെന്ററികളും സംവിധാനം ചെയ്യുകയും ചെയ്ത അദ്ദേഹം 6 സിനിമകൾ നിർമ്മിക്കുകയും 7 സിനിമകളിൽ അഭിനയിക്കുകയും ചെയ്തു.

നൂറുകണക്കിനു കവിതകൾ എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ ഒറ്റക്കമ്പിയുള്ള തംബുരുഎന്ന കവിതാസമാഹാരത്തിനു 1981 ൽ സംസ്ഥാന സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. സിനിമാ രംഗത്തുള്ള അദ്ദെഹത്തിന്റെ പ്രവർത്തനങ്ങളെ കണക്കിലെടുത്ത് സമഗ്രസംഭാവനക്കുള്ള സി.ജെ.ദാനിയേൽഅവാർഡ് 1999ൽ നൽകി ആദരിച്ചിട്ടുണ്ട്.

സ്കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനാവുകയും പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടൊപ്പം ചേർന്നു പ്രവർത്തിക്കുകയും ചെയ്തു.  പുന്നപ്ര വയലാർ സമരകാലത്ത് പ്രസ്ഥാനത്തിനു വേണ്ടി തന്റെ തൂലിക ചലിപ്പിച്ചു. നിരവധി വിപ്ലവഗാനങ്ങളും കവിതകളും ജന്മം കൊണ്ടു. പത്രപ്രവർത്തകനായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ദീർഘകാലം ആകാശവാണിയിൽ പ്രൊഗ്രാം ഡയറക്ടറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

മലയാളവും മലയാളഗാനങ്ങളും ഉള്ള കാലത്തോളം മറക്കാനാവാത്ത ഒരു പാടു സംഭാവനകൾ നൽകിയാണു അദ്ദേഹം അരങ്ങൊഴിഞ്ഞത്..

ആ മഹാനായ കലാകാരനു്, കവിക്ക്, വിപ്ലവകാരിക്ക്, പ്രണാമം..
ആദരാഞ്ജലികൾ.
=========
ടി. കെ. ഉണ്ണി

൨൫-൦൨-൨൦൧൪

2014, ഫെബ്രുവരി 24, തിങ്കളാഴ്‌ച

ശാസ്ത്രങ്ങള്‍

നിങ്ങള്‍ക്ക്
അറിയാനാകുന്നത്
ശാസ്ത്രം

നിങ്ങള്‍ക്ക്
അറിയാനാകാത്തത്
തത്വശാസ്ത്രം
...........
ബെര്‍ത്രാന്ദ്‌റസ്സല്‍ 
........................
ടി. കെ. ഉണ്ണി.
൦൯-൦൭-൨൦൦൯

2014, ഫെബ്രുവരി 19, ബുധനാഴ്‌ച

ഛായ

ഛായ
= = =
സ്നേഹനിർഭരമായ മനസ്സുള്ളവരുടെ
പരിശുദ്ധ സ്നേഹത്തിന്റെ 
ശീതളഛായ,
ജീവിതത്താരയിലെ പ്രയാസങ്ങളെയും
പ്രതിസന്ധികളെയും 
ആയാസരഹിതമാക്കി
മുന്നേറുന്നതിന്ന്
വ്യാകുലമായ മനുഷ്യകുലത്തേയും
മറ്റുജീവജാല ലോകത്തേയും 
പ്രാപ്തമാക്കുന്നു.
= = = = =
ടി.കെ. ഉണ്ണി
൧൬-൧൨-൨൦൧൧ 

2014, ഫെബ്രുവരി 18, ചൊവ്വാഴ്ച

ഭയം

ഭയം

===
സ്നേഹത്തെ ഭയക്കുന്നവര്‍ 
ജീവിതത്തെ ഭയക്കുന്നു....

ജീവിതത്തെ ഭയക്കുന്നവര്‍ 
മുക്കാല്‍ ഭാഗവും 
മരണം പ്രാപിച്ചവരാണ്.

*****
ബര്‍ത്രാന്ദ്‌ റസ്സല്‍ 
==========
ടി. കെ. ഉണ്ണി 
൧൨-൦൭-൨൦൦൯

സത്യം

സത്യം
======
സത്യമെന്നാൽ  വാസ്തവമാകുന്നു.!
വാസ്തവമെന്നാലും സത്യമാകുന്നു !
നമ്മളിപ്പോൾ ഏതു പക്ഷത്താണ്  ?
സത്യത്തിനോടൊപ്പമോ...
വാസ്തവത്തിനോടൊപ്പമോ...
ഇത് സത്യത്തിന്റെയും വാസ്തവത്തിന്റെയും
അടിച്ചുപൊളിച്ചുള്ള കലഹത്തിന്റെ
ആഘോഷമാണ് !
===========
ടി. കെ. ഉണ്ണി
൧൧-൦൧-൨൦൦൯ 

2014, ഫെബ്രുവരി 17, തിങ്കളാഴ്‌ച

സമൂഹം, വിശ്വാസം, ആചാരം


സമൂഹം..
ഈ പ്രപഞ്ചത്തിൽ ജീവന്‍റെ തുടിപ്പുള്ള 
ഭൂമിയിൽ അന്തേവാസികളായ മനുഷ്യർ 
സമൂഹമായി ജീവിത പ്രയാണം, എന്ന
പ്രസക്തിയെക്കുറിച്ചു അനാദികാലം 
മുതല്‍ക്കേ ബദ്ധശ്രദ്ധരായിരുന്നു എന്നതുകൊണ്ടാണ് 
നമ്മൾ ആശ്രിതസമൂഹം ആയിത്തീര്‍ന്നത്...!

വിശ്വാസം..
ആശ്രിത സമൂഹത്തിന്‍റെ ഉല്‍പ്പന്നമാണ്‌ 
വിശ്വാസം.!
വിചിത്രമായ ആ ഉല്‍പ്പന്നത്തിന്‍റെ 
അടിത്തറയിലാണ് ആദികാല 
വൈജിത്യങ്ങളുടെ പിറവികൾ.!
സമസ്ത വിഭജനങ്ങളും അവിടെയാണ് 
തുടങ്ങിയത്‌..?

ആചാരം..
നമ്മളിലെ വൈജിത്യങ്ങളുടെ സംരക്ഷിത രൂപം..!
സഹജീവനത്തിന്‍റെ വൈരൂപ്യ മുഖം ..!
വ്യര്‍ത്ഥ പ്രമാണങ്ങളുടെ നഗ്നത...!
സമസ്ത സമൂഹത്തിന്‍റെയും 
വൈകാരികമായ കാപട്യം...! 
അതാണ്‌ ആചാരം ...!!

ഉത്തരം മരീചികയാവുന്ന ഒരു ചോദ്യം?
നമ്മളൊരു സമൂഹമാണോ?
നമ്മുടേത്‌ വിശ്വാസമാണോ?
നമ്മുടേത്‌ ആചാരങ്ങളാണോ?

==========

ടി. കെ. ഉണ്ണി.
൧൩-൦൮-൨൦൦൯

2014, ഫെബ്രുവരി 16, ഞായറാഴ്‌ച

പാലപ്പെട്ടി - എന്റെ ഗ്രാമം

പാലപ്പെട്ടി - (ഭാഗം - ൧)

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ പെട്ട പെരുമ്പടപ്പ്‌ ഗ്രാമ പഞ്ചായത്തിന്റെ തീരദേശമാണ് പാലപ്പെട്ടി ഗ്രാമം.  തൊണ്ണൂറ്റഞ്ചു ശതമാനം മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന ഗ്രാമത്തിൽ അഞ്ചുശതമാനത്തോളം വരുന്നവർ മറ്റു തൊഴിലുകളിൽ ഏര്‍പ്പെട്ടിരിക്കുന്നു..

ഒരു കാലത്ത് പരമ്പരാഗതമായ മത്സ്യബന്ധനത്തിലും മത്സ്യസംബന്ധമായ സംസ്കരണ വിപണന മേഖലയിലും പ്രസിദ്ധമായിരുന്നു പാലപ്പെട്ടി ഗ്രാമം.. ആധുനിക മത്സ്യബന്ധന രീതികൾ പ്രചാരത്തിൽ വന്നതിന്റെ അടിസ്ഥാനത്തിൽ മത്സ്യബന്ധന തുറമുഖങ്ങൾ വികസിച്ചതും യന്ത്രവല്‍കൃത ബോട്ടുകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനം വര്‍ദ്ധിച്ചതും പരമ്പരാഗത മത്സ്യബന്ധനവും അതിനെ ആശ്രയിച്ചുള്ള തൊഴിലാളികളുടെ ജീവിതവും പരാജയത്തിലേക്ക് നീങ്ങാനിടയാക്കി. 

പിന്നീട് ഗള്‍ഫിലേക്ക് തൊഴിൽ തേടിയുള്ള യുവാക്കളുടെ കുടിയേറ്റം ഈ ഗ്രാമത്തിന്റെ മുഖച്ഛായ മാറ്റിയെങ്കിലും പരമ്പരാഗത തൊഴിലും തൊഴിൽ സാദ്ധ്യതകളും അന്യാധീനമാക്കപ്പെട്ടു... ഒരു വലിയ വിഭാഗം ജനങ്ങൾ സാമ്പത്തികമായി മെച്ചപ്പെടുകയും തൊഴിൽ രംഗത്ത് അലസരായിത്തീരുകയും അവശേഷിച്ചവർ തൊഴിൽ രംഗത്തും മറ്റു മേഖലകളിലും കൂടുതൽ ദുരിതങ്ങളിലേക്ക് എത്തിപ്പെടുകയും ചെയ്തു...  

ഗ്രാമത്തിൽ 96  ശതമാനം മുസ്ലിംകളും 4 ശതമാനം ഹിന്ദുക്കളുമാണുള്ളത്.  അവർ വളരെയധികം സൌഹൃദത്തോടെ ഐക്യത്തോടെ ജീവിച്ചുവരുന്നു..  രാഷ്ട്രീയപരമായി പറഞ്ഞാൽ കേരളത്തിലുള്ള മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഘടകങ്ങൾ ഉണ്ടെങ്കിലും മാര്‍ക്സിസ്റ്റ്‌, കോണ്‍ഗ്രസ്സ്, മുസ്ലിംലീഗ് എന്നീ കക്ഷികള്‍ക്കാണ്  മുന്‍‌തൂക്കം ..  

വിദ്യാഭ്യാസപരമായി വളരെ പിന്നോക്കമായിരുന്ന ഗ്രാമവാസികൾ നിരക്ഷരതയിൽ നിന്നും മുക്തി നേടിക്കഴിഞ്ഞിട്ടുണ്ട്.  രണ്ടു ദശാബ്ദങ്ങള്‍ക്ക് മുമ്പ് നടപ്പിലാക്കിയ  തീവ്ര സാക്ഷരതാ പ്രവര്‍ത്തനവും വയോജനവിദ്യഭ്യാസ ക്ലാസുകളും മറ്റും ഫലപ്രദമായിരുന്നു.  സ്കൂൾ ഫൈനൽ (ഇപ്പോള്‍ പ്ലസ്ടു) വരെയെങ്കിലും മക്കളെ പഠിപ്പിക്കണം എന്ന അടിസ്ഥാന വിദ്യാഭ്യാസ ചിന്ത എല്ലാവരിലും ശക്തമാണ്.  കഴിവുള്ളവർ കൂടുതൽ മികച്ച വിദ്യാഭ്യാസം നേടുകയും ഗ്രാമത്തിനു സല്‍പ്പേര് ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.

ഗ്രാമത്തിന്റെ പരിധിയിൽ രണ്ട് എയിഡെഡ് എൽ.പി. സ്കൂളുകളും ഒരു എയിഡെഡ് യു.പി.സ്കൂളും ഒരു സര്‍ക്കാർ യു.പി.സ്കൂളും ഒരു സര്‍ക്കാർ ഹയർ സെക്കണ്ടറി സ്കൂളും പ്രവര്‍ത്തിക്കുന്നുണ്ട്.  അവയിൽ ഏറ്റവും പുരാതനമാണ് പാലപ്പെട്ടി തട്ടുപറമ്പിലുള്ള ഗവര്മെന്റ്റ് ഫിഷറീസ് യു.പി.സ്കൂൾ. 

ഒരു സര്‍ക്കാർ ആസ്പത്രി, പോസ്റ്റ്‌ ഓഫീസ്, ബാങ്കുകൾ തുടങ്ങിയ സൌകര്യങ്ങൾ ഗ്രാമത്തിലുണ്ട്.  പുരാതനമായ പാലപ്പെട്ടി ഭഗവതി ക്ഷേത്രം ഗ്രാമത്തിന്റെ മദ്ധ്യഭാഗത്ത് സ്ഥിതിചെയ്യുന്നു.. പുതിയിരുത്തിയിലും കടപ്പുറത്തും കുണ്ടിച്ചിറയിലുമായി മൂന്നു ജുമാഅത്ത് പള്ളികളും ഇരുപതോളം നമസ്കാരപ്പള്ളികളും പത്തിലധികം മദ്രസ്സകളും ഗ്രാമത്തിലുണ്ട്.     

=========
ടി. കെ. ഉണ്ണി
൧൬-൦൨-൨൦൧൪    

2014, ഫെബ്രുവരി 8, ശനിയാഴ്‌ച

മഹാത്മ

മഹാത്മ
======
മഹാത്മാവിനു പ്രണാമം
മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധിയെ
മഹാത്മാവാക്കി കൊന്നവരും
മഹാത്മാഗാന്ധിയെ ഗാന്ധിജിയാക്കി
ഗാന്ധിയെ സ്വന്തമാക്കിയവരും
മഹാന്മാരായി വിലസുന്ന
നമ്മുടെ രാജ്യത്ത്
ഗാന്ധിചിന്തകളെ മനസ്സില്‍ നിന്നകറ്റി
ചിത്രങ്ങളില്‍ പൂവിട്ടു പൂജിക്കുന്നതില്‍
നമുക്കൊട്ടും ലജ്ജയില്ല.!!
.. .. .. ..
മഹാത്മാവിന്റെ സ്മരണക്കു മുമ്പില്‍
പ്രണാമം ..
ആദരാജ്ഞലികള്‍ ..
= = = = = =
ടി. കെ. ഉണ്ണി
൩൦-10-൨൦൧൨
ചിത്രത്തിനു ഗൂഗിളിനോട് കടപ്പാട് 

2014, ഫെബ്രുവരി 5, ബുധനാഴ്‌ച

രാവും പകലും

രാവും പകലും
പകലും രാവും
രണ്ടും ഒന്നുതന്നെ
ഒന്ന് മറ്റൊന്നിന്റെ തുടര്‍ച്ചയെന്നോ
ആരംഭമെന്നോ പറയാം..
അല്ലെങ്കില്‍
ഒടുക്കത്തിലെ തുടക്കവും
തുടക്കത്തിലെ ഒടുക്കവും
ഒരുപോലെ എന്നതിനാല്‍
തുടക്കവും ഒടുക്കവും എന്നോ
ഒടുക്കവും തുടക്കവും എന്നോ
പറയാം ..!

രാവിന്റെ വെളിച്ചം പകലിലേക്കും
പകലിന്റെ തെളിച്ചം രാവിലേക്കും
പകരുന്നു ..
പകലിലും വെളിച്ചവും തെളിച്ചവും
ഇല്ലാതെ രാവാകുന്നതും
രാവിലും തെളിച്ചവും വെളിച്ചവും
ഇല്ലാതെ പകലാവുന്നതും
സ്ഥായീഭാവം ഉള്ളതാകുന്നു ..

അതായത്
വെളിച്ചം മാത്രമേയുള്ളൂ ...
വെളിച്ചത്തിന്റെ തെളിച്ചത്തെ
പകലെന്നും
തെളിച്ചമില്ലാത്ത വെളിച്ചത്തെ
രാവെന്നും
നാം പറയുന്നു..!

പക്ഷെ,
എപ്പോഴും എല്ലായ്പോഴും
വെളിച്ചം മാത്രമേയുള്ളൂ ..!
വെളിച്ചം തന്നെ
രാവും പകലും ..!

അതിനാല്‍
പകല്‍ ഒരു സത്യവും
രാവ് ഒരു മിഥ്യയും
ആകുന്നു..!

=======
ടി. കെ. ഉണ്ണി
൧൮-൦൭-൨൦൦൯ചതയ ദിനംഗുരു ദേവന്‍
=========
ഇന്ന് ചതയ ദിനം
ഒരു യുഗപ്രഭാവന്റെ ജന്മദിനം
" ഒരു ജാതി ഒരു മതം മനുഷ്യന്
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി "
എന്നോതിയ മഹാനുഭാവന്റെ ആത്മാവ്
( അങ്ങനെയൊന്നുണ്ടെങ്കില്‍ )
തന്റെ അനുയായികളുടെ ഇന്നത്തെ
ജീവിതം കണ്ടു വിതുമ്പുന്നുണ്ടാവും.!

നമുക്ക് അദ്ദേഹത്തിന്റെ നന്മകളെ ഉള്‍ക്കൊള്ളാം ...
അദ്ദേഹത്തിന്റെ മതേതര വീക്ഷണത്തെ സ്വാംശീകരിക്കാം ...
അദ്ദേഹത്തെ സ്മരിക്കാം ...
ആദരിക്കാം ...
= = = = =
ടി. കെ. ഉണ്ണി
൧൧-09-൨൦൧൧

ചിത്രത്തിനു ഗൂഗിളിനോട് കടപ്പാട് 

2014, ഫെബ്രുവരി 4, ചൊവ്വാഴ്ച

കലാലോകത്തിന്റെ നഷ്ടങ്ങള്‍ - 2

കലാലോകത്തിന്റെ നഷ്ടങ്ങള്‍ - ൨ 

കഴിഞ്ഞ ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിൽ നമ്മുടെ ചലച്ചിത്ര കലാരംഗത്തിന്നുണ്ടായ 

നഷ്ടങ്ങൾ അപരിഹാര്യമാണ്‌...
ശ്രീ. മച്ചാൻ വർഗ്ഗീസ്‌. 

ചുരുങ്ങിയ കാലംകൊണ്ട്‌ മലയാള ചലച്ചിത്രലോകത്തും മറ്റുകലാവേദികളിലും 

തനതായ ഹാസ്യഭാവം കൊണ്ട്‌ വ്യക്തിമുദ്ര പതിപ്പിച്ചയാളായിരുന്നു 
ശ്രീ. മച്ചാൻ വർഗ്ഗീസ്‌.. 
അദ്ദേഹത്തിന്റെ അകാലത്തിലുള്ള നിര്യാണം ഹാസ്യകലാലോകത്തിന്ന് 
നികത്താനാവാത്ത നഷ്ടമാണ്‌..
അദ്ദേഹത്തിന് പ്രണാമം..

ആദരാഞ്ജലികൾ..
====================================================ശ്രീമതി. ആറന്മുള പൊന്നമ്മ.. 


ഒരു നൂറ്റാണ്ടുമുഴുവൻ നിറഞ്ഞുനിന്ന അമ്മ.. 

ചലച്ചിത്രലോകത്തെ മുത്തശ്ശിയമ്മ..ആറന്മുള പൊന്നമ്മ... 
എല്ലാവരുടെയും അമ്മ.  
എഴുപതുവർഷക്കാലത്തെ അഭിനയജീവിതം കൊണ്ട്‌ മലയാള 
ചലച്ചിത്രശാഖയെ ധന്യമാക്കിയ അഭിനയ ചക്രവർത്തിനിയായ അമ്മ..
ഇതുപോലെ ഒരമ്മ ചലച്ചിത്രകലാരംഗത്ത്‌ ഇനി ഉണ്ടാവില്ല..

ഈ അമ്മയെപ്പറ്റി എന്തിനധികം പറയണം..!   
ഈ അമ്മയുടെ വേർപാടിൽ വേദന അനുഭവിക്കാത്തവരായി 
കലാസ്നേഹികളായ ആരും തന്നെയില്ല..
ഈ അമ്മക്ക്‌ പ്രണാമം...

ആദരാഞ്ജലികൾ.
====================================================


ശ്രീ. മലേഷ്യ വാസുദേവൻ.. 

മലേഷ്യയും ടിയെമ്മസ്സും ദക്ഷിണേന്ത്യമുഴുവനും പാടിത്തകർത്ത കാലം..
പാട്ടിന്റെ സുവർണ്ണകാലം.. 

ആസ്വാദകരുടെയും സുവർണ്ണകാലം..!
അവരുടെ സ്വരങ്ങളിലൂടെ ദൈവപരിവേഷങ്ങളിലെത്തിയ മഹാനടന്മാർ..
അതിന്റെ സൗഭാഗ്യത്തിൽ രാജ്യഭരണം കയ്യടക്കിയവർ, രത്നങ്ങളായവർ..
ദക്ഷിണേന്ത്യൻ ചലച്ചിത്രവ്യവസായത്തിന്റെ ആണിക്കല്ലുകളായിരുന്ന 

പാട്ടരചന്മാരിൽ പ്രധാനിയായ മലേഷ്യ...  
വിവിധ ഭാഷകളിലായി പതിനാലായിരത്തിലധികം പാട്ടുകൾ പാടിയിട്ടുള്ള 
അദ്ദേഹം നൂറോളം സിനിമകളിലും അത്രതന്നെ ടെലിസീരിയലുകളിലും 
അനേകം നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്‌...
തമിഴ്‌നാട്‌ സർക്കാർ കലൈമാമണിപ്പട്ടം നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്‌..  
അദ്ദേഹത്തിന്റെ നിര്യാണം ദക്ഷിണേന്ത്യൻ ചലച്ചിത്രലോകത്തിന്ന്
പ്രത്യേകിച്ച്‌ തമിഴ്ചലച്ചിത്രലോകത്തിന്ന് തീരാനഷ്ടം തന്നെ..
ശ്രീ. മലേഷ്യ വാസുദേവന് പ്രണാമം...

ആദരാഞ്ജലികൾ.
========


ടി. കെ. ഉണ്ണി 

൦൬-൦൪-൨൦൧൧ 

ചിത്രങ്ങള്‍ക്ക് ഗൂഗിളിനോട് കടപ്പാട് 

കലാലോകത്തിന്റെ നഷ്ടങ്ങള്‍ - 1

കലാലോകത്തിന്റെ നഷ്ടങ്ങള്‍ - ൧ 

കഴിഞ്ഞ ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിൽ നമ്മുടെ ചലച്ചിത്ര കലാരംഗത്തിന്നുണ്ടായ 
നഷ്ടങ്ങൾ അപരിഹാര്യമാണ്‌...ശ്രീ.ശാരംഗപാണി..

കഴിഞ്ഞ ശതാബ്ദത്തിന്റെ ഉത്തരാർദ്ധത്തിലാണ്‌ മലയാള ചലച്ചിത്രകലാരംഗം 
പുഷ്ടി പ്രാപിച്ചത്‌..അറുപതുകളിലും എഴുപതുകളിലും എൺപതുകളിലുമായുള്ള 
മൂന്ന് ദശാബ്ദക്കാലം മലയാള സിനിമകളുടെ സുവർണ്ണകാലമെന്ന് പറയാം...
പ്രസ്തുത സുവർണ്ണത്തിളക്കത്തിന്ന് സംഭാവനകളർപ്പിച്ച ഒരുപാട്‌ കലാകാരന്മാര്‍ 
ഉണ്ടായിരുന്നു നമ്മുടെ നാട്ടിൽ...അതിൽ നിസ്വാർത്ഥമായ കലാജീവിതമെന്നത്‌ 
അർത്ഥവത്താക്കി തന്റെ പ്രവർത്തനമേഖല പൊന്നാക്കിയ കലാകാരനാണ്‌ 
കഴിഞ്ഞമാസം നമ്മെ വിട്ടുപിരിഞ്ഞ ശ്രീ.ശാരംഗപാണി...

നിരവധി ചലച്ചിത്രങ്ങൾക്ക്‌ തിരക്കഥയെഴുതുകയും അവയെല്ലാം 
പണംവാരിപ്പടങ്ങളാവുകയും സിനിമാലോകം കൂടുതൽ സമ്പന്നമാകുന്നതിന്ന് കാരണക്കാരനാവുകയും ചെയ്തു.. (ഒട്ടുമിക്ക വടക്കൻപാട്ട്‌ കഥകൾക്കും 
തിരക്കഥയും സംഭാഷണങ്ങളും എഴുതിയിട്ടുള്ളത്‌ ഓർമ്മിക്കുക)
പക്ഷെ, നിത്യജീവിതത്തിന്ന് വഴിയില്ലാതെ പരാശ്രിതനായി 
അന്ത്യനാളിലെത്തേണ്ടിവന്ന ആ കലാകാരനോട്‌ നീതിചെയ്യാനാകാത്ത 
ആധുനികസിനിമാ കോമരക്കൂട്ടായ്മകളുടെ പേക്കൂത്തുകൾക്ക്‌ കുരവയിടുന്ന കലാസ്വാദകരെയോർത്ത്‌ നിർലജ്ജം ഖേദിക്കുന്നു..!

അദ്ദേഹത്തിന്റെ സ്മരണകൾക്ക്‌ ആദരാഞ്ജലികൾ..
====================================================================


ശ്രീ. വിപിൻ ദാസ്‌...

ചലച്ചിത്ര ഛായാഗ്രഹണകലയിലെ ലോകനിലവാരത്തിലുള്ള അതികായന്മാരിൽ 
ഒരാളായിരുന്നു ശ്രീ. വിപിൻ ദാസ്‌... 
മലയാള ചലച്ചിത്രത്തെ ലോകശ്രദ്ധയാകർഷിക്കുന്ന വിധത്തിൽ 
നിഴലും വെളിച്ചവും ചേർത്ത്‌ അസുലഭമായ കാഴ്ചയായൊരുക്കുന്നതിൽ 
അദ്ദേഹം നിരന്തരം വിജയിച്ചുകൊണ്ടിരുന്നു.. 
മണിമുഴക്കം, കബനിനദി ചുവന്നപ്പോൾ തുടങ്ങി നൂറുകണക്കിന്ന് 
ചലച്ചിത്രങ്ങൾക്ക്‌ ഛായാഗ്രഹണം നിർവ്വഹിച്ചിട്ടുണ്ട്‌ അദ്ദേഹം.. 
അദ്ദേഹത്തിന്റെ സംഭാവനകൾ മലയാള സിനിമാലോകത്തിന്ന് 
വിസ്മരിക്കാനാവാത്തതാണ്‌...

അദ്ദേഹത്തിന്റെ സ്മരണകൾക്ക്‌ ആദരാഞ്ജലികൾ..

==========

ടി. കെ. ഉണ്ണി
൦൪-൦൪-൨൦൧൧ 
ചിത്രങ്ങള്‍ക്ക് ഗൂഗിളിനോട് കടപ്പാട് 

കവി ശ്രീ. അയ്യപ്പന്‍

കവി ശ്രീ. എ. അയ്യപ്പന്‍
==================
കഴിഞ്ഞ നാലു ദശാബ്ദക്കാലം കേരളത്തിലെ
അധഃസ്ഥിതരും അധഃകൃതരും അശരണരും
സമൂഹം നികൃഷ്ടരെന്നും കരുതുന്നവരുമായ
ജനസമൂഹത്തിന്റെ ഉന്നമനത്തെ ധ്യാനമാക്കി
അക്ഷരങ്ങളിലൂടെയും ശബ്ദങ്ങളിലൂടെയും
പ്രതിഷേധവും സമരവും സാഹിത്യരചനയും
ആയുധമാക്കി പടപൊരുതിയ സാധാരണക്കാരില്‍
സാധാരണക്കാരനായ പോരാളി ...
അതാണ്‌ ശ്രീ. എ. അയ്യപ്പന്‍ .

അദ്ദേഹം ഇന്ന് ഈ ലോകത്തോട് വിട പറഞ്ഞു...
അദ്ദേഹത്തിനു ആദരാഞ്ജലികള്‍ ...
അന്ത്യ പ്രണാമം ...
അതീവ ദുഃഖത്തോടെ ...

ടി. കെ. ഉണ്ണി
22-10-൨൦൧൦
ചിത്രത്തിനു ഗൂഗിളിനോട് കടപ്പാട് 

2014, ഫെബ്രുവരി 3, തിങ്കളാഴ്‌ച

മുരളി

മുരളി
====
മലയാള നാടക സിനിമാ കലാ സാംസ്കാരിക രംഗത്ത്
സ്വന്തമായ വ്യക്തിത്വം സ്ഥാപിച്ച മഹാനടനായ
ശ്രീ. മുരളി നമ്മെ വിട്ടുപിരിഞ്ഞുവെന്നത് എനിക്ക്
അവിശ്വസനീയമായി തോന്നുന്നു...

ശ്രീ. മുരളിയുടെ വേര്‍പാട് ദക്ഷിണേന്ത്യന്‍ സിനിമാലോകത്തിനു,
പ്രത്യേകിച്ച് മലയാള സിനിമാലോകത്തിനു കനത്ത നഷ്ടമാണ്.
മാത്രമല്ല, കേരളത്തിലെ കലാസാംസ്കാരിക രംഗത്തെ സമസ്ത
മേഖലകള്‍ക്കും സാധാരണക്കാരായ കലാ ആസ്വാദകര്‍ക്കും
ദുഃഖകരമായ അവസ്ഥയാണ്  ഉണ്ടായിരിക്കുന്നത്...

ജാടകളില്ലാതെ ജീവിക്കുകയും അഭിനയിക്കുകയും
പൊതു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും വെറുമൊരു
നടനായി മാത്രം സിനിമാ ആസ്വാദകരുടെ മനസ്സില്‍
നിലനില്‍ക്കുകയും മറ്റെല്ലാമായി പൊതുജനങ്ങളില്‍
നിറഞ്ഞുനില്‍ക്കുകയും ചെയ്യുന്ന ശ്രീ. മുരളിയുടെ
സ്വര്‍ഗ്ഗയാത്രയില്‍ അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി
പ്രാർത്ഥിക്കുന്നു...
ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു..

അദ്ദേഹത്തിന്റെ സന്തപ്തരായ കുടുംബത്തിനോടും
ബന്ധുജനങ്ങളോടും ആരാധകരോടും അനുശോചനം
അറിയിക്കുന്നു...

ദുഃഖത്തോടെ...
ടി. കെ. ഉണ്ണി.
൦൭-൦൮-൨൦൦൯
ചിത്രത്തിനു ഗൂഗിളിനോട് കടപ്പാട്   

2014, ഫെബ്രുവരി 1, ശനിയാഴ്‌ച

പാണക്കാട് തങ്ങള്‍

പാണക്കാട് തങ്ങള്‍
==============
ഇന്നലെ രാത്രി അന്തരിച്ച ബഹുമാന്യനായ
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക്
പ്രണാമം...

കേരളത്തിലെ മുസ്ലിങ്ങള്‍ക്ക് പൊതുവെയും
മുസ്ലിം ലീഗുകാര്‍ക്ക് പ്രത്യേകിച്ചും
സമാരാധ്യനായിരുന്ന തങ്ങള്‍
കേരളത്തിലെ മത സൗഹാര്‍ദ്ദ അന്തരീക്ഷം
കലുഷിതമാകാതെ സമൂഹത്തെ
മുന്നോട്ടു നയിക്കുവാന്‍ കഴിഞ്ഞ
മഹനീയ വ്യക്തിത്വമാണ്.

അദ്ദേഹത്തിന്റെ വിയോഗം കേരളീയ
സമൂഹത്തിനു കനത്ത നഷ്ടമാണ്.

അദ്ദേഹത്തിനു ആദരാഞ്ജലികള്‍ ..
അദ്ദേഹത്തിന്റെ സന്തപ്ത കുടുംബത്തിന്റെയും
അനുയായികളുടെയും ആരാധകരുടെയും
ദുഃഖത്തില്‍ പങ്കുചേരുന്നു.. അനുശോചിക്കുന്നു.
- - - - -
ടി. കെ. ഉണ്ണി
൦൨-൦൮-൨൦൦൯
ചിത്രത്തിനു ഗൂഗിളിനോട് കടപ്പാട് 

രാജന്‍ പി ദേവ്


രാജന്‍ പി ദേവ്

കഴിഞ്ഞ രണ്ട് ദശകങ്ങളായി
മലയാള സിനിമാ ആസ്വാദകര്‍ക്ക്
വൈവിധ്യങ്ങളായ കഥാപാത്രങ്ങളെ
നല്‍കിക്കൊണ്ട് അഭിനയ കലാപാടവം
തെളിയിച്ച പ്രശസ്ത കലാകാരന്റെ
വേര്‍പാട് ദുഃഖകരം മാത്രമല്ല
ചലച്ചിത്ര ലോകത്തിനു
നഷ്ടവും കൂടിയാണ്.

അദ്ദേഹത്തിന്റെ സ്വര്‍ഗ്ഗയാത്രയില്‍
ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു...

അദ്ദേഹത്തിന്റെ സന്തപ്ത കുടുംബത്തിനു
അനുശോചനങ്ങളും രേഖപ്പെടുത്തുന്നു ...

ടി. കെ. ഉണ്ണി
൧൯-൦൭-൨൦൦൯

ചിത്രത്തിനു ഗൂഗിളിനോട് കടപ്പാട് 

2014, ജനുവരി 28, ചൊവ്വാഴ്ച

ലോഹിതദാസ്

ലോഹി
=====തൊഴിലിനേയും തൊഴിലാളികളെയും മറന്നു
ആസനക്കൊരണ്ടിക്കുവേണ്ടി
പരസ്പരം പോരടിച്ചുകൊണ്ട്
അപഹാസ്യരായിക്കൊണ്ടിരിക്കുന്ന
മലയാള ചലച്ചിത്ര ലോകത്തിനു
കനത്ത പ്രഹരമേല്‍പ്പിച്ചുകൊണ്ടാണ്
പ്രസിദ്ധനായ എഴുത്തുകാരനും
തിരക്കഥ രചയിതാവും സംവിധായകനുമായ
ശ്രീ. ലോഹിതദാസിന്റെ
അരങ്ങൊഴിയല്‍ ഉണ്ടായിരിക്കുന്നത്.

സാധാരണക്കാരന്റെ നല്ല സിനിമാ
ആസ്വാദന രസത്തെ അധികമൊന്നും
പരിക്കേല്‍പ്പിക്കാതെ നില നിര്‍ത്തിയ
അപൂര്‍വ്വം ചിലരില്‍ ഒരാളായ
അദ്ദേഹത്തിന്റെ സ്വര്‍ഗ്ഗയാത്രയില്‍
ദൈവാനുഗ്രഹങ്ങള്‍ ഉണ്ടാവട്ടെ
എന്നാണു പ്രാര്‍ത്ഥന ..

അദ്ദേഹത്തിന്റെ സന്തപ്തരായ
കുടുംബത്തോടും ബന്ധുക്കളോടും
ആരാധകരോടും അനുശോചിക്കുന്നു.

ലോഹിക്ക് ആദരാഞ്ജലി.
പ്രണാമം.
- - - - - - -
ടി. കെ. ഉണ്ണി.
൩൦-൦൬-൨൦൦൯
ചിത്രത്തിനു ഗൂഗിളിനോട് കടപ്പാട് 

മൈക്കിള്‍ ജാക്സണ്‍

ലോക സംഗീതത്തിന്,
പ്രത്യേകിച്ച്
പാശ്ചാത്യ സംഗീതത്തിന്
കനത്ത നഷ്ടമാണ്
മൈക്കിള്‍ ജാക്സന്റെ
മരണത്തോടെ സംഭവിച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ സംഗീതവും
അതിന്റെ രംഗാവിഷ്കാരവും
വേറിട്ട ഒരനുഭവം തന്നെ
ആയിരുന്നുവെന്നതില്‍ രണ്ടു പക്ഷമില്ല.

സംഗീത ലോകത്തിന്റെ
ഈ നഷ്ടത്തിലും ദുഃഖത്തിലും
പങ്കുചേരുന്നു..
- - - - -
ടി. കെ. ഉണ്ണി
൩൦-൦൬-൨൦൦൯
ചിത്രത്തിനു ഗൂഗിളിനോട് കടപ്പാട്