പാലപ്പെട്ടി - (ഭാഗം - ൧)
മലപ്പുറം ജില്ലയിലെ
പൊന്നാനി താലൂക്കിൽ പെട്ട പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിന്റെ തീരദേശമാണ്
പാലപ്പെട്ടി ഗ്രാമം. തൊണ്ണൂറ്റഞ്ചു ശതമാനം മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന
ഗ്രാമത്തിൽ അഞ്ചുശതമാനത്തോളം വരുന്നവർ മറ്റു തൊഴിലുകളിൽ ഏര്‍പ്പെട്ടിരിക്കുന്നു..
ഒരു കാലത്ത് പരമ്പരാഗതമായ
മത്സ്യബന്ധനത്തിലും മത്സ്യസംബന്ധമായ സംസ്കരണ വിപണന മേഖലയിലും പ്രസിദ്ധമായിരുന്നു
പാലപ്പെട്ടി ഗ്രാമം.. ആധുനിക മത്സ്യബന്ധന രീതികൾ പ്രചാരത്തിൽ വന്നതിന്റെ അടിസ്ഥാനത്തിൽ
മത്സ്യബന്ധന തുറമുഖങ്ങൾ വികസിച്ചതും യന്ത്രവല്‍കൃത ബോട്ടുകൾ ഉപയോഗിച്ചുള്ള
മത്സ്യബന്ധനം വര്‍ദ്ധിച്ചതും പരമ്പരാഗത മത്സ്യബന്ധനവും അതിനെ ആശ്രയിച്ചുള്ള
തൊഴിലാളികളുടെ ജീവിതവും പരാജയത്തിലേക്ക് നീങ്ങാനിടയാക്കി.
പിന്നീട് ഗള്‍ഫിലേക്ക് തൊഴിൽ
തേടിയുള്ള യുവാക്കളുടെ കുടിയേറ്റം ഈ ഗ്രാമത്തിന്റെ മുഖച്ഛായ മാറ്റിയെങ്കിലും
പരമ്പരാഗത തൊഴിലും തൊഴിൽ സാദ്ധ്യതകളും അന്യാധീനമാക്കപ്പെട്ടു... ഒരു വലിയ വിഭാഗം
ജനങ്ങൾ സാമ്പത്തികമായി മെച്ചപ്പെടുകയും തൊഴിൽ രംഗത്ത് അലസരായിത്തീരുകയും അവശേഷിച്ചവർ
തൊഴിൽ രംഗത്തും മറ്റു മേഖലകളിലും കൂടുതൽ ദുരിതങ്ങളിലേക്ക് എത്തിപ്പെടുകയും
ചെയ്തു...
ഗ്രാമത്തിൽ 96 ശതമാനം മുസ്ലിംകളും 4 ശതമാനം ഹിന്ദുക്കളുമാണുള്ളത്. അവർ വളരെയധികം സൌഹൃദത്തോടെ ഐക്യത്തോടെ
ജീവിച്ചുവരുന്നു.. രാഷ്ട്രീയപരമായി പറഞ്ഞാൽ
കേരളത്തിലുള്ള മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഘടകങ്ങൾ ഉണ്ടെങ്കിലും മാര്‍ക്സിസ്റ്റ്,
കോണ്‍ഗ്രസ്സ്, മുസ്ലിംലീഗ് എന്നീ കക്ഷികള്‍ക്കാണ്
മുന്‍തൂക്കം ..
വിദ്യാഭ്യാസപരമായി വളരെ
പിന്നോക്കമായിരുന്ന ഗ്രാമവാസികൾ നിരക്ഷരതയിൽ നിന്നും മുക്തി
നേടിക്കഴിഞ്ഞിട്ടുണ്ട്. രണ്ടു ദശാബ്ദങ്ങള്‍ക്ക്
മുമ്പ് നടപ്പിലാക്കിയ തീവ്ര സാക്ഷരതാ
പ്രവര്‍ത്തനവും വയോജനവിദ്യഭ്യാസ ക്ലാസുകളും മറ്റും ഫലപ്രദമായിരുന്നു. സ്കൂൾ ഫൈനൽ
(ഇപ്പോള്‍ പ്ലസ്ടു) വരെയെങ്കിലും മക്കളെ പഠിപ്പിക്കണം എന്ന അടിസ്ഥാന വിദ്യാഭ്യാസ
ചിന്ത എല്ലാവരിലും ശക്തമാണ്. കഴിവുള്ളവർ
കൂടുതൽ മികച്ച വിദ്യാഭ്യാസം നേടുകയും ഗ്രാമത്തിനു സല്‍പ്പേര് ഉണ്ടാക്കുകയും
ചെയ്തിട്ടുണ്ട്.
ഗ്രാമത്തിന്റെ പരിധിയിൽ
രണ്ട് എയിഡെഡ് എൽ.പി. സ്കൂളുകളും ഒരു എയിഡെഡ് യു.പി.സ്കൂളും ഒരു സര്‍ക്കാർ
യു.പി.സ്കൂളും ഒരു സര്‍ക്കാർ ഹയർ സെക്കണ്ടറി സ്കൂളും പ്രവര്‍ത്തിക്കുന്നുണ്ട്. അവയിൽ ഏറ്റവും പുരാതനമാണ് പാലപ്പെട്ടി
തട്ടുപറമ്പിലുള്ള ഗവര്മെന്റ്റ് ഫിഷറീസ് യു.പി.സ്കൂൾ.
ഒരു സര്‍ക്കാർ ആസ്പത്രി,
പോസ്റ്റ് ഓഫീസ്, ബാങ്കുകൾ തുടങ്ങിയ സൌകര്യങ്ങൾ ഗ്രാമത്തിലുണ്ട്. പുരാതനമായ
പാലപ്പെട്ടി ഭഗവതി ക്ഷേത്രം ഗ്രാമത്തിന്റെ മദ്ധ്യഭാഗത്ത് സ്ഥിതിചെയ്യുന്നു..
പുതിയിരുത്തിയിലും കടപ്പുറത്തും കുണ്ടിച്ചിറയിലുമായി മൂന്നു ജുമാഅത്ത് പള്ളികളും
ഇരുപതോളം നമസ്കാരപ്പള്ളികളും പത്തിലധികം മദ്രസ്സകളും ഗ്രാമത്തിലുണ്ട്.
=========
ടി. കെ. ഉണ്ണി
൧൬-൦൨-൨൦൧൪
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ